Sunday, November 13, 2011

മാറുന്നലോകം


ഗാന്ധിയിന്നിവിടെയില്ലറിയുവാന്‍ വേണമോ 
പത്രത്തിലുപരിയായ്‌  തെളിവൊരെണ്ണം 
കത്തികള്‍ വടിവാളുചോരയില്‍ മുങ്ങുന്നു 
ദിവസവും പലവിധം പലതരത്തില്‍ 

എന്തിനെന്നറിയാതെയെന്തുകൊണ്ടറിയാതെ -
ബന്ധങ്ങളൊന്നുപോല്‍ നോക്കിടാതെ
സത്യമെന്തറിയാതെ ധര്‍മമെന്തറിയാതെ
കേവലം കാശിനായ്കൊന്നൊടുക്കി 

ഉല്ലാസചിന്തയില്‍ മുഴുകിയിട്ടിന്നവന്‍ 
പെങ്ങളാണെന്നുപോലോര്‍ത്തതില്ല
പൊട്ടിക്കരഞ്ഞുടന്‍ തെറ്റെന്നുചൊല്ലിയാ-
മാതാവിനെക്കൂരി രുട്ടിലാക്കി   

രാജ്യങ്ങള്‍ തമ്മിലായുദ്ധവും കലഹവും
ആവോളമുണ്ടിന്നു കലിയുഗത്തില്‍ 
പട്ടിണിപ്പാവങ്ങളേറെയാണെങ്കിലും 
അഴിമതിക്കൊട്ടുമേ പുറകിലല്ല 

എങ്കിലും വാഴുന്നു സിംഹാസനത്തിലായ്‌ 
നിയമങ്ങളെല്ലാം വിലയ്ക്കുവാങ്ങി
ഒരുനാളൊരിക്കല്‍ മനസ്സിലാക്കും ജനം
തിരമാലപോലെയന്നാഞ്ഞടിക്കും 

അന്നവന്‍നോവിന്റെ കൈപ്പുനീര്‍ നുണയും 
കാല്‍ക്കലും വീണിടും കേണുനോക്കും
മാപ്പില്ലയീവിധം മനുജനീലോകത്തി-
ലാവശ്യമില്ലെന്നു ചൊല്ലിടേണം 

എന്തിനായീവിധം പോരുകള്‍ ഭൂമിയില്‍ 
കൊല്ലുവാന്‍ കൊല്ലിച്ചുകൈക്കലാക്കാന്‍ 
ഒരുമാത്രയെങ്കിലും ചിന്തിച്ചുനോക്കെടോ
പൊലിയുന്ന ജീവന്‍റെ ചെറുനൊമ്പരം 

                                                     വിഷ്ണു മോഹന്‍
                                                             കാലടി 


Wednesday, January 5, 2011

ജീവിത യാത്ര...






കവിതകള്‍ എഴുതി ഞാന്‍ ആസ്വദിച്ചു
കവികള്‍ തന്‍ കൂട്ടത്തിലെത്തി നിന്നു
കൂട്ടുകാര്‍ കൂടുതല്‍ കൂട്ടിനെത്തി
ദിവസങ്ങളുല്ലാസഭരിതമായി 
സമയമോ മനസ്സിന്‍ പ്രവേഗമായ് പോയി 
നാളുകള്‍ വേഗത്തിലോടി നീങ്ങി
പഠനത്തെയോര്‍ക്കുവാന്‍ നേരമായീ, വരും-
കാലത്തെയാമോദ പൂര്‍ണ്ണമാക്കാന്‍  
മിഴിനീരൊലിപ്പിച്ചു നിന്നിടല്ലേ, മനം 
സന്തോഷമാക്കി നീ യാത്രചൊല്ലൂ
കണ്ടിടും ഇനിയുള്ള നാളിലായ്‌ ദേവന്‍, 
മംഗളം മംഗളം നേര്‍ന്നുവെങ്കില്‍      
അണയാത്ത ദീപമായ്‌ എന്നെ നീയോര്‍ക്കുക 
വിടപറഞ്ഞകലുവാന്‍ സമയമായി..... 
                                                               വിഷ്ണു മോഹന്‍